മതപരിവർത്തന നിരോധന നിയമത്തിൽ കർണാടകയിൽ ആദ്യ അറസ്റ്റ്

ബംഗളുരു. മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ് ഉണ്ടായി. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ എന്ന 24 കാരനെ ബം​ഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 19 കാരിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൻമേലാണ് അറസ്റ്റ് ഉണ്ടായത്. സങ്കീര്‍ണമായ നിയമ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. 50,000 രൂപ പിഴയും ഈടാക്കും. കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ ഉണ്ടാവുക.

ഒക്ടോബർ 3നാണ് 19 കാരിയായ പെൺകുട്ടിയെ കാണാതാവുന്നത്. അഞ്ചാം തീയതി പെൺകുട്ടിയുടെ വീട്ടുകാർ‌ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിലെത്തുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുന്നു. ഒക്ടോബർ 8ാം തീയതിയോടെ പെൺകുട്ടി സയീദ് മൊയീൻ എന്ന അയാളോടൊപ്പം സ്റ്റേഷനിൽ ​ഹാജരാവുന്നു. രണ്ടുപേരും പരസ്പര സമ്മത പ്രകാരം വിവാഹം കഴിക്കാൻ പോയതാണെന്ന് പറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ‌ പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റിയതാണെന്ന് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയെന്ന് കണ്ടെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളാണ് ഇനി ഉണ്ടാവുക. കുറഞ്ഞത് 7 വർഷമെങ്കിലും തടവുൾപ്പെടെ ജാമ്യമില്ലാത്ത വ്യവസ്ഥകളാണ് ഈ നിയമത്തിൽ നിഷ്കർഷിക്കുന്നത്. സെപ്റ്റംബറിലാണ് കർണാടക ​ഗവർണർ ഈ ബില്ലിൽ ഒപ്പു വെക്കുകയും അത് നിയമമാകുകയും ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് കർണാടകയിൽ ഉണ്ടാവുന്നത്.