പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിൽ കൂടുതൽ ലൈക്കും വ്യൂവേഴ്സും ലഭിക്കാൻ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.

മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ആര്‍ഡി വോഗ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

മലയാള സിനിമയിലെ രംഗം ചിത്രികരിച്ചതിന് പുറമേ, മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.