കുത്തനെ കൂട്ടി ഫ്ലാറ്റ് പെർമിറ്റ് ഫീസ്; 10,000 സ്ക്വയർ മീറ്റർ നിർമ്മാണത്തിന് ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി

തിരുവനന്തപുരം: വൻകിട നിർമാണ മേഖലയെയും പ്രതിസന്ധിയിലാക്കി പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ. 20 മടങ്ങ് വർധനവാണ് വന്നിരിക്കുന്നത്. 10,000 സ്ക്വയർ മീറ്ററിലെ നിർമാണത്തിന് പെർമിറ്റെടുക്കാനുള്ള ഫീസ് ഇതോടെ ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയരും.

പരിഷ്കരിച്ച നികുതിഘടന മുതൽ നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോൾ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്.

10,000 സ്ക്വയർ മീറ്ററിന് കോർപറേഷൻ പരിധിയിലെ പെർമിറ്റ് ഫീസ് 1,00,050 രൂപയിൽ നിന്ന് 20,05,000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70,030 രൂപ 20,040,00 രൂപയായി. 50,020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 1,50,300 രൂപയായി.

വിവിധ ഫീസുകളും പെർമിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിർമ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്ക്വയർ ഫീറ്റിനുണ്ടായിരുന്ന നിർമ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും ഒമ്പത് ശതമാനം ര‍ജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം.

പ്രതിസന്ധി തീർക്കാർ സര്ക്കാരിൻറെ അടിയന്തര ഇടപെടൽ വേണമെന്നാണ് വൻകിട നിർമാതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിരക്ക് വർധിപ്പിച്ചാൽ മാത്രം പോര തിരിച്ച് നൽകുന്ന സേവനങ്ങൾ സർക്കാർ പുനപരിശോധിക്കണമെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു.