വിമാനത്തിന്റെ കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പ് ; വിമാനം തിരിച്ചിറക്കി

ജോഹനസ്ബര്‍ഗ് : പറന്നുയർന്ന വിമാനത്തിന്റെ കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരുണ്ടായിരുന്ന ചെറുവിമാനമാണ് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് ധൈര്യം കൈവിടാതെ സുരക്ഷിതമായി താഴെയിറക്കിയത്.

വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് പൈലറ്റിന്റെ സീറ്റിന് കീഴില്‍ മൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിന്റെ ചിറകിന് താഴെ ഞാറാഴ്ച കേപ് കോബ്രയെ കണ്ടിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ അത് എന്‍ജിന്റെ മൂടിക്കടിയില്‍ രക്ഷതേടിയതായും വിമാനത്താവള അധികൃതര്‍ പറയുന്നു.

പാമ്പിനെ തുടർന്നും തേടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ പാമ്പ്‌ രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നാണ് വിമാനത്താവള അധികൃതര്‍ കരുതി. വെള്ളക്കുപ്പി സൂക്ഷിക്കുന്ന ഭാഗത്ത് ഇടുപ്പില്‍ തണുപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. യാത്രക്കാരോട് അറിയിക്കേണ്ടെന്ന് ആദ്യം കരുതി,

എന്നാൽ അവരോട് പറഞ്ഞ ശേഷമായിരുന്നു വിമാനം നിലത്തിറക്കിയതെന്ന് പൈലറ്റ് പറഞ്ഞു. പാമ്പുണ്ടെന്ന് മനസിലാക്കിയ സമയത്ത് വെല്‍കോം വിമാനത്താവളത്തിന് അടുത്തുകൂടെയായിരുന്നു പറന്നുകൊണ്ടിരുന്നത്. തുടര്‍ന്ന് ജോഹനസ്ബര്‍ഗിലെ എയര്‍ കണ്‍ട്രോള്‍ ടവറില്‍ വിളിച്ചറിയിച്ച് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ പൈലറ്റിന്റെ സീറ്റിനടിയില്‍ തന്നെ പാമ്പിനെ കണ്ടു. എന്നാൽ ആദ്യം പിടികൂടാൻ ആയിരുന്നില്ല.