കേരളം കടലെടുക്കാന്‍ വര്‍ഷങ്ങള്‍ മാത്രം

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാവും മൂലം സമുദ്രനിരപ്പ് ഉയര്‍ന്ന് 2050 ഓടെ കേരളത്തിലെ പല മേഖലകളേയും കടലെടുത്തേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കായല്‍- സമുദ്ര ജലം കയറി സംസ്ഥാനത്തെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്നാണ് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നത്.

മുന്‍ കാലങ്ങളില്‍ കരുതിയതിനെക്കാള്‍ ആശങ്കാജനകമാണ് കടല്‍ ജലനിരപ്പ് ഉയര്‍ന്നുണ്ടാകുന്ന പ്രളയമെന്ന് സംഘടന നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. ഗവേഷണ മാസികയായ നേച്വര്‍ കമ്യൂണിക്കേഷന്‍സിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും എന്നിവയുടെ നിലയും ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിശകലനം ചെയ്താണ് ക്ലൈമറ്റ് സെന്‍ട്രല്‍ പ്രളയ ഭൂപടം തയാറാക്കിയത്.
കേരളത്തില്‍ പല തീരദേശ ജില്ലകളുടെയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളം കയറിവരാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളിലാണ് സമുദ്രജലം കയറാനുള്ള സാധ്യത കല്‍പ്പിക്കുന്നത്. കടലോര ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ക്കും ഭീഷണിയുണ്ട്. മധ്യകേരളത്തിലെ തീരപ്രദേശമാണ് ഏറ്റവും ഭീഷണി നേരിടുന്നത്. 2035 ഓടെ ഇതിന്റെ സൂചനകള്‍ കണ്ടു തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.

കൊച്ചിയ്‌ക്കൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത എന്നിവയും വെള്ളത്തിനടിയിലാവും. ആന്ധ്ര, തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളുടേയും ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളും ഭീഷണിയിലാണ്.

കടലും കായലും പെരുകി 30 കിലോമീറ്റര്‍ വരെ അകത്തേക്കു ഉപ്പുവെള്ളം കയറാന്‍ സാധ്യതയുണ്ടെന്നാണു ഇതു സംബന്ധിച്ച കംപ്യൂട്ടര്‍ മാതൃകകള്‍ വരച്ചുകാട്ടുന്ന ചിത്രം. ആളുകള്‍ ഇപ്പോള്‍ താമസിക്കുന്ന പല താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറും. 2050 ആകുമ്ബോഴേക്കും തീരത്തു താമസിക്കുന്ന 3.6 കോടി ജനങ്ങള്‍ പ്രളയം മൂലം മാറി താമസിക്കേണ്ടി വരും. 2100 ആകുമ്ബോഴേക്കും ഇവരുടെ എണ്ണം 4.4 കോടിയോളം ഉയരാമെന്നും പഠനം പറയുന്നു.

ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളെ ജലസമ്പന്നമാക്കുന്നത് ഈ മഞ്ഞുപാളികളാണ്. ഇവ അതിവേഗം ഉരുകുന്നത് ആദ്യം ഈ നദികളിൽ മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നു. മഞ്ഞുപാളികൾ നശിക്കുന്നതോടെ നദികളും ഇല്ലാതാകും. നദികളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇത് ദുരിതത്തിലാക്കുക.

കാലാവസ്ഥാ മാറ്റം മൂലം വരാൻ പോകുന്ന വൻ വിപത്തിനെക്കുറിച്ച് ലോകം പതിയെ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ലോകരാജ്യങ്ങളിൽ ചേര്‍ന്ന് പല അന്താരാഷ്ട്ര ഉടമ്പടികളും ഇക്കാര്യത്തിൽ ഒപ്പുവച്ചു.

ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന ഹൈഡ്രോഫ്ലൂറോ കാർബണുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള കരാറാണ് കിഗാലി (Kigali) കരാർ. 2016–ൽ കിഗാലി ഭേദഗതി അംഗീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച രാജ്യമാണ് ഇന്ത്യ.

2019– നു ശേഷം എണ്ണ – പ്രകൃതിവാതക പദ്ധതികൾക്ക് വായ്പ നൽകില്ലെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. കാലാവസ്ഥാ മാറ്റത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പ്രധാന പങ്കുള്ളതിനാൽ വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്.

ആഗോളതാപനത്തിന്റെ തോത് 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ചൈന തുടങ്ങിക്കഴിഞ്ഞു. വിപണി അധിഷ്ഠിത കാർബൺ ട്രേഡിങ് സംവിധാനത്തിലൂടെ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലമുള്ള ഹരിതഗൃഹവാതകവികിരണം കുറയ്ക്കുകയാണ് ചൈനയുടെ ലക്ഷ്യം.

എന്നാൽ, ആഗോളതാപനവുമായി ബന്ധപ്പെട്ട 2015–ലെ പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയത് കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള ആഗോളശ്രമങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ട്.