ഹോട്ടലുടമകളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളി ; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. സുരക്ഷിതമല്ലാത്തതെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍നടപടി എടുക്കുന്നതിൽ ഉദ്യോഗസ്ഥർ തടയിടുന്നു.

ഇത്തരത്തിൽ നൂറിലേറെ സ്ഥാപനങ്ങളെ തുടര്‍നടപടിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി. നിലവാരമില്ലെന്ന് കണ്ടെത്തിയ ഭക്ഷണസാധനങ്ങള്‍ വിറ്റവര്‍ക്കെതിരെയും നടപടിയില്ല. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു വിജിലൻസിന്‍റെ പരിശോധന.

ഹോട്ടൽ ഉടമകൾ നടത്തുന്ന അനീതിക്ക് ഉദ്യോഗസ്ഥര്‍ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ പല ജില്ലകളിലും വര്‍ഷങ്ങൾക്ക് മുൻപ് ശേഖരിച്ച സാമ്പളിൽ പോലും നടപടി ഉണ്ടായിട്ടില്ല.