ജി 20 ഉച്ചകോടി, എൻഎസ്ജി കമാൻഡോകളും ആർമി സ്നൈപ്പർമാരും എഐ ക്യാമറകളും ഉൾപ്പെടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി ഡൽഹി

ന്യൂഡല്ഹി: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ദേശീയ തലസ്ഥാനം ഒരുങ്ങുൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഒരുക്കുന്നത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എൻഎസ്ജി കമാൻഡോകളും ആർമി സ്നൈപ്പർമാരും എഐ ക്യാമറകളും സജ്ജമാക്കും.

ലഗേജുകളിലും വാഹനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഡമ്മി സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ ഡൽഹി പോലീസിന്റെ ഡോഗ് സ്ക്വാഡ് ചൊവ്വാഴ്ച സുരക്ഷാ അഭ്യാസങ്ങൾ നടത്തിയിരുന്നു. നേരത്തെ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ തയ്യാറെടുപ്പുകളും ശുചീകരണ യജ്ഞവും വിലയിരുത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന അറിയിച്ചു

ഉച്ചകോടിയിൽ പങ്കെടുക്കുന്നവരുടെയും വേദികളുടെയും സുരക്ഷ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകൾ തുടർച്ചയായി പട്രോളിംഗ് നടത്തും. സാധ്യമായ ഏത് ഭീഷണിയും നേരിടാനായി എൻഎസ്ജി ആന്റി ഡ്രോൺ സംവിധാനങ്ങളും വിന്യസിക്കും. വിഐപി സുരക്ഷയിൽ അനുഭവപരിചയമുള്ള സൈനികരെ ഉൾപ്പെടുത്തി സിആർപിഎഫ് ‘സ്‌പെഷ്യൽ 50’ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.

അമേരിക്കയിൽ നിന്നുള്ള സിഐഎ, യുകെയിൽ നിന്നുള്ള എംഐ -6, ചൈനയിൽ നിന്നുള്ള എംഎസ്എസ് എന്നിവയുൾപ്പെടെ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജൻസികളുടെ ടീമുകൾ ഇതിനകം ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഡൽഹിയിൽ തങ്ങുന്ന കാലത്ത് രാഷ്‌ട്രത്തലവന്മാരുടെയും അവരുടെ പ്രതിനിധികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സുരക്ഷ ഏജൻസികൾ എത്തിയിരിക്കുന്നത്.

അതേസമയം ഉച്ചകോടിക്കെത്തുന്ന രാജ്യതലവന്മാർക്ക് താമസിക്കുന്നതിനായി തലസ്ഥാനത്തെ ഹോട്ടലുകൾ സജ്ജമാക്കിയിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഐടിസി മൗര്യയിലും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് താജ് പാലസ് ഹോട്ടലിലും, യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന് ഷാംഗ്രി-ലാ ഹോട്ടലിലുമാണ് താമസിക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ലാരിഡസ് ഹോട്ടലിലും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇംപീരിയൽ ഹോട്ടലിലും താമസിക്കും.

ചൈനയുടെയും ബ്രസീലിന്റെയും പ്രതിനിധികൾക്കായി താജ് പാലസിലും ഇന്തോനേഷ്യൻ, ഓസ്ട്രേലിയൻ പ്രതിനിധികൾ ഇംപീരിയൽ ഹോട്ടലിലും താമസിക്കും. യുകെയുടെയും ജർമ്മനിയുടെയും പ്രതിനിധികൾക്ക് ഷാംഗ്രി-ലായിലാണ് താമസമൊരുക്കുന്നത്. ഇറ്റാലിയൻ, സിംഗപ്പൂർ പ്രതിനിധികൾ ഹയാത്ത് റെസിഡൻസിയിലും താമസിക്കും.