വനത്തില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു

വനത്തില്‍ അതിക്രമിച്ച് കടന്ന് വന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. മാമ്പഴത്തറ റിസര്‍വ് വനത്തിലാണ് വിഡിയോ ചിത്രീകരിക്കുവാന്‍ അമല അതിക്രമിച്ച് കടന്നത്.

ഗുരുതരമായ നിയമലംഘനമാണ് അമല നടത്തിയതെന്ന് വനം വകുപ്പ് പറയുന്നു. അതേസമയം അമല അനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അമല ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് അന്വേഷണ സംഘം എത്തിയെങ്കിലും അവിടെ നിന്ന് അവര്‍ രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നുമാണ് കാര്‍ വനം വകുപ്പ് കണ്ടെത്തിയത്. കോടതി തീരുമാനം വരട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. ഗുരുതരമായ കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ വനംവകുപ്പ് ആവശ്യപ്പെടും.

പാലക്കാടാണ് അവര്‍ ആദ്യം ഒളിവില്‍ കഴിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ പ്രതി അവിടെ നിന്നും മാറുകയായിരുന്നു. പ്രതിക്കെതിരെ വനം വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് കേസുകളാണ് ചുമത്തിയിരിക്കുന്നത്. എട്ട് മാസം മുമ്പാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്.