തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയ കേസിൽ പ്രതി ; റേഞ്ച് ഓഫീസറെ ജോലിയിൽ തിരിച്ചെടുത്ത് വനംവകുപ്പ്

തൊടുപുഴ: തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയ കേസിലെ പ്രതിയും റെയ്ഞ്ച് ഓഫീസറുമായ ജോജി ജോണിനെ വനംവകുപ്പ് ജോലിയില്‍ തിരിച്ചെടുത്തു. ഇയാൾ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്കുമരങ്ങള്‍ വെട്ടിക്കടത്തുകയും ഈ മരത്തടികള്‍ ജോജി ജോണിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. അടിമാലി മരംവെട്ട് കേസിലും പ്രതിയാണ് ഇയാള്‍.

ഇപ്പോൾ പുനലൂര്‍ ഡിവിഷനിലെ വര്‍ക്കിങ് പ്ലാന്‍ റെയ്ഞ്ചിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കെ വ്യാപകമായി ക്രമവിരുദ്ധമായി മരംമുറിക്ക് അനുമതി നല്‍കിയെന്നാണ് ജോജി ജോണിനെതിരായ കേസ്. മങ്കുവയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഏഴ് തേക്കുമരങ്ങള്‍ വെട്ടിക്കടത്തി. 100 വര്‍ഷത്തോളം പഴക്കം വരുന്ന ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചുവെന്നാണ് കണ്ടെത്തല്‍.

തേക്കടിയില്‍ ഫോറസ്റ്ററായിരിക്കെ തൊണ്ടിമുതലായ ചന്ദനമരം കടത്തിയെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. പ്രോസിക്യൂഷനുള്ള അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് കേസില്‍ അന്വേഷണം വൈകുകയാണ്. തേക്കുമരം മുറിച്ചുകടത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ഇയാളെ വനംവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരം മുറിക്കാന്‍ കൈക്കൂലി നല്‍കി എന്ന കണ്ടത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് വിജിലന്‍സിന് കൈമാറിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കവെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.