തലസ്ഥാനത്ത് നാല് മണ്ഡലങ്ങളില്‍ ബിജപി തീപാറും, തിരഞ്ഞെടുപ്പിനിറങ്ങുന്നത് വമ്പന്‍മാര്‍

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, തലസ്ഥാന ജില്ല പോരാട്ടച്ചൂടിലേക്ക്. അതിലേറ്റവും ശ്രദ്ധേയമാവുക നഗരപരിധിയില്‍പ്പെട്ട നാല് മണ്ഡലങ്ങളാവും. ശക്തമായ സാന്നിദ്ധ്യമായ ബി.ജെ.പി, നാലിടത്തും ലക്ഷണമൊത്ത ത്രികോണപ്പോരിന് കളമൊരുക്കും. ബി.ജെ.പിയുടെ കേരളത്തിലെ ഏക സിറ്റിംഗ് എം.എല്‍.എയുള്ള നേമത്ത് ഇക്കുറി അവരുടെ മുന്‍നിര നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കാന്‍ സാദ്ധ്യതയേറി. സി.പി.എമ്മില്‍ നിന്ന് വി. ശിവന്‍കുട്ടിയുടേതും ടി.എന്‍. സീമയുടേതുമടക്കം പേരുകളുയരുന്നു. കോണ്‍ഗ്രസില്‍ മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തൊട്ട് സുഭാഷ് ചന്ദ്രബോസ് വരെയുള്ള പേരുകളാണ് ചര്‍ച്ചയില്‍.

വി.ഐ.പി മത്സരത്തിനുള്ള സാദ്ധ്യതകളേറെ പ്രവചിക്കുന്നത് കഴക്കൂട്ടത്ത്. ഇടതുമന്ത്രിസഭയില്‍ തലസ്ഥാനത്തിന്റെ പ്രതിനിധിയായ കടകംപള്ളി സുരേന്ദ്രന്‍ അവിടെ വീണ്ടും മാറ്റുരയ്ക്കുമ്പോള്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പേരും ബി.ജെ.പി അന്തരീക്ഷത്തിലുയര്‍ത്തുന്നു. കഴിഞ്ഞ തവണ റണ്ണര്‍അപ്പായ മുരളീധരന്‍, ഇക്കുറിയെത്തുന്നെങ്കില്‍ അത് കേന്ദ്രമന്ത്രിയെന്ന വര്‍ദ്ധിത പരിവേഷത്തോടെയാവും. യു.ഡി.എഫില്‍ പല പേരുകളുമുയരുന്നുണ്ട്. ജി. സുബോധന്‍, ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ് എന്നിവര്‍ തൊട്ട് ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കില്‍ സാക്ഷാല്‍ വി.എം. സുധീരന്റെ വരെ പേരുകള്‍ അതിലുണ്ട്.

വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ മേയര്‍ ബ്രോ വി.കെ. പ്രശാന്തിനെ പിടിച്ചുകെട്ടാന്‍ മുന്‍ അംബാസഡര്‍ വേണുരാജാമണിയെ കോണ്‍ഗ്രസ് ഇറക്കുമെന്ന അഭ്യൂഹം ശക്തം. ബി.ജെ.പിയില്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റേതുള്‍പ്പെടെ പേരുകളുയരുന്നു.

തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍ തന്നെ വീണ്ടും കോണ്‍ഗ്രസിനായി എത്തുമെന്നാണ് സൂചനകള്‍. അപ്രതീക്ഷിതമായി മാറ്റിയാല്‍, മണക്കാട് സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളുയരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്താല്‍ അഡ്വ. സുന്ദര്‍, ടി.എന്‍. സീമ തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തില്‍. കഴിഞ്ഞ തവണ ശ്രീശാന്തിനെയിറക്കിയ ബി.ജെ.പി ഇക്കുറി സുരേഷ്ഗോപിയെ ഇറക്കുമെന്ന കഥകളും