കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ല്, സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പൻഷൻ.
സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെയാണ് സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തത്.

തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്. നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ ജനൽച്ചില്ലകൾ തകർന്നു.

വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണത്തിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന് ആരോപിച്ചാണ് മറ്റ് രണ്ട് പേരെ സസ്പെൻ്റ് ചെയ്തത്. എൻഎസ്‌യു നേതൃത്വമാണ് 4 പേരെയും സസ്പെൻഡ്‌ ചെയ്തത്. സംഭവത്തിൽ കെഎസ്‌യു ഇൻ്റേണൽ കമ്മിറ്റി അന്വേഷണം നടത്തും.

മൂന്ന് ദിവസത്തെ ക്യാമ്പിന്‍റെ രണ്ടാം ദിവസം രാത്രിയാണ് കൂട്ടത്തല്ലുണ്ടായത്. പഠനത്തിനും പരിശീലനത്തിനും ശേഷം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.

ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ജനൽ ചില്ലുകൾ അടിച്ച് തകര്‍ത്തു. സംഘര്‍ഷത്തിനിടെ കൈ ഞെരമ്പ് മുറിഞ്ഞ പ്രവര്‍ത്തകനെ ആശുപത്രിയിലാക്കി. സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യ‌ർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അടി.