ജി-20 ഉച്ചകോടി, സുരക്ഷയുടെ ഭാ​ഗമായി ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും

ന്യൂഡല്‍ഹി. ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും. ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുക.

അതേസമയം, റദ്ദാക്കുന്ന 160 വിമാനങ്ങള്‍, ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സര്‍വീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിന്റെ പ്രശ്‌നമില്ലെന്നും രാജ്യാന്തര വിമാന സര്‍വീസുകളെ ഉച്ചകോടി ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായി രാജ്യ തലസ്ഥാനത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. നേരത്തെ, സമ്മേളന ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും വിമാനത്താവളത്തില്‍ എത്തേണ്ടവര്‍ ഡല്‍ഹി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചിരുന്നു.

ഡല്‍ഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സേനാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ ജി-20 ഉച്ചകോടി നടക്കുന്നത്.