ജി 20 ഇന്ത്യയുടേതാണ്, സർക്കാർ പരിപാടിയോ ബിജെപി പരിപാടിയോ അല്ല – മോദി

ന്യൂഡൽഹി. ജി 20 കേന്ദ്രസർക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ലെന്നും അത് ഇന്ത്യയുടെ പരിപാടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 യുമായി ബന്ധപ്പെട്ട പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഡൽഹിയിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ജി20യുമായി ബന്ധപ്പെട്ട പരിപാടികളിൽ കൂടുതൽ ആളുകളെ എങ്ങനെ ഉൾപ്പെടുത്താം എന്നത് ആസൂത്രണം ചെയ്യാൻ മോദി ആവശ്യപ്പെട്ടു. പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രധാനമന്ത്രി എംപിമാരോട് ആഹ്വാനം ചെയ്തു.

ജി20 പരിപാടികൾ എവിടെയൊക്കെ സംഘടിപ്പിക്കുന്നുവോ അവിടെയെല്ലാം ശുചിത്വ ഡ്രൈവുകൾ പോലുള്ള സംരംഭങ്ങളിലൂടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞു. ഗുജറാത്ത് നിയമസഭയിലെ ഉജ്ജവല വിജയത്തിന് അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെയും മറ്റ് പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചു. പ്രവർത്തകരുടെ ബലത്തിൽ ഒരു പാർട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.