ജി 23 നേതാക്കളുടെ യോ​ഗം തുടങ്ങി; ശശി തരൂരും പി.ജെ. കുര്യനും പങ്കെടുക്കുന്നു

കോൺ​ഗ്രസ് തിരുത്തൽവാദി നേതാക്കളുടെ യോ​ഗം ​ഗുലാം നബി ആസാദിന്റെ വസതിയിൽ ആരംഭിച്ചു. പി.ജെ. കുര്യൻ, ശശി തരൂർ, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തീവാരി, മണിശങ്കർ അയ്യർ തുടങ്ങിയവർ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. ക്യാപ്റ്റൻ അമരീന്ദർ സിം​ഗിന്റെ ഭാര്യ പൗർണീത് കൗറും യോ​ഗത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.പ്രവർത്തക സമിതി യോ​ഗത്തിന് ശേഷമുള്ള കോൺ​ഗ്രസിന്റെ സാഹചര്യം വിലയിരുത്തുക എന്നതാണ് യോ​ഗത്തിന്റെ പ്രധാന അജണ്ട. പുനസംഘടനയുണ്ടാകും എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു പ്രവർത്തക സമിതി യോ​ഗത്തിൽ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി നടത്തിയിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പുറത്താക്കിയിരുന്നു. നവജ്യോത് സിങ് സിദ്ദു (പഞ്ചാബ്), അജയ് കുമാർ ലല്ലു (ഉത്തർപ്രദേശ്), ഗണേഷ് ഗൊദിയാൽ (ഉത്തരാഖണ്ഡ്), ഗിരീഷ് ചൊദാൻകർ (ഗോവ), എൻ.ലോകെൻ സിങ് (മണിപ്പുർ) എന്നിവരുടെ പുറത്താക്കലിൽ മാത്രമായി പുനസംഘടന ഒതുങ്ങുമോയെന്ന കാര്യമാണ് ജി 23 നേതാക്കൾ ഉറ്റുനോക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളിലേക്ക് പോകുമെന്ന വിവരമാണ് ലഭിക്കുന്നത്. നെഹ്റു കുടുംബം തത്ക്കാലം നേതൃപദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് കഴിഞ്ഞ ദിവസം കപിൽ സിബൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്എന്നിവരാണ് ജി 23 അംഗങ്ങൾ.