ജീവിതത്തിൽ എന്റെ ചക്രകസേര ഉരുട്ടുവാൻ നീ കാണിച്ച മനസ്സുണ്ടല്ലോ അതുതന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം, കുറിപ്പ്

പ്രചോദനാത്മക ക്ലാസുകളിലൂടെയും സാന്ത്വന സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും വീൽ ചെയർ മോട്ടിവേറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഗണേശ് കൈലാസ്. പഠനകാലത്ത് ചിറ്റൂർ കോളജിൽ തന്റെ പഴയ കൂട്ടുകാരിയായിരുന്ന മട്ടന്നൂർ ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂൾ ജോഗ്രഫി അധ്യാപിക ശ്രീലേഖയെയാണ് മൂന്നു വർഷം മുമ്പ് മിന്നുകെട്ടിയത്. 2006 മെയ് അഞ്ചിനായിരുന്നു ഗണേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത ദുരന്തം വാഹാനാപകട രൂപത്തിൽ വന്നത്. ദീർഘ കാലത്തെ ചികിത്സകൾക്കൊടുവിൽ ഗണേശ് പതുക്കെ ജീവിക്കാൻ തുടങ്ങുകയായിരുന്നു. മൂന്നാം വിവാഹ വാർഷികത്തിൽ ​ഗണേഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

കുറിപ്പിങ്ങനെ

ഈ ചിത്രത്തിന് ഇന്ന് 3 വയസ്സ് തികയുന്നു… ഇത്തരമൊരു നിമിഷം എന്റെ ജീവിതത്തിലുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല..പക്ഷെ ദൈവം അതിന് ഒരു അവസരം തന്നു…അല്ലെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണല്ലോ നമ്മുടെ ജീവിതം..പിന്നെ “ലേഖേ” നിന്നോട് ഞാൻ ന്താ പറയാ…ഈ ചിത്രത്തിൽ കാണുന്നതുപോലെ ജീവിതത്തിൽ എന്റെ ചക്രകസേര ഉരുട്ടുവാൻ നീ കാണിച്ച മനസ്സുണ്ടല്ലോ അതുതന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം..എനിക്കറിയാം എന്നെ കൂടെക്കൂട്ടാൻ നീ നേരിട്ട വെല്ലുവിളികൾ..പക്ഷേ അതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ,അതിലേറെ ആത്മവിശ്വാസത്തോടെ നീ നേരിട്ടു എന്നുള്ളതാണ് വാസ്തവം…

കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ പെടാപ്പാടുപെടുന്ന എന്നെപോലെയുള്ള വ്യക്തികൾക്ക് ‘സഹതാപമല്ല വേണ്ടത് ‘സഹാനുഭൂതിയാണ്’ എന്ന് പലപ്പോഴും പലരും പറയാറുണ്ടെങ്കിലും ‘സഹാനുഭൂതി’ എന്ന വാക്കിന്റെ യഥാർത്ഥ അർഥം മനസ്സിലായത് നീ ജീവിതത്തിൽ വന്നപ്പോഴാണ്…എന്നെ എവിടെ കൊണ്ടുപാവാനും നീ കാണിക്കുന്ന ഉത്സാഹം,എന്റെ കർമ്മരംഗത്തായാലും നീ തരുന്ന സപ്പോർട്ട് എല്ലാം എടുത്തു പറയേണ്ടതാണ്..’ഭാര്യഭർത്താക്കൻമാർ’ എന്നുള്ളതിനെക്കാൾ നല്ല സുഹൃത്തക്കളാണ് നമ്മൾ എന്ന് പറയുന്നതായിരിക്കും ശരി..ശാരീരിക പരിമിതികളുണ്ടെങ്കിലും ഒട്ടും പരിമിതികളില്ലാത്ത മനസ്സുമായി ആകാശംമുട്ടെ നമുക്ക് പറക്കാം…ആ മനസ്സ് ഒപ്പം ഉള്ളടത്തോളം കാലം ഞാനുണ്ടാവും കൂടെ ട്ടോ ..കട്ടക്ക്ത്തന്നെ..അതുമാത്രമാണ് എനിക്ക് നിനക്ക് തരാൻ പറ്റുന്ന ഏറ്റവും വലിയ വാക്ക്…

ഈ സന്തോഷ ദിനത്തിൽ നമ്മുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളെ സ്നേഹത്തോടെ ഓർക്കുന്നു…കൂടെനിന്ന് സപ്പോർട്ട് ചെയ്യുകയും,ഇന്നും ഞങ്ങളുടെ നന്മക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഓരോ പ്രിയപ്പെട്ടവർക്കും മനസ്സുനിറഞ്ഞ നന്ദി അറിയിക്കുന്നു…അതിലുപരി ഇതിനെല്ലാം കാരണക്കാരനായ സർവ്വേശ്വരനോടും ഒരായിരം നന്ദി..പ്രിയതമക്ക് ഹൃദയംനിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..