കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി, നാല് പേർ അറസ്റ്റിൽ

തിരുവന്തപുരം : ലഹരിമാഫിയ സംഘാംഗങ്ങൾ തമ്മിൽ അടിപിടി കൂടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ആലപ്പുഴ ഹരിപ്പാട് സ്വ​ദേശികളായ അതുൽ ദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2 കിലോ​ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. പുതുവത്സരത്തോട് അനുബന്ധിച്ച് എത്തിച്ച കഞ്ചാവിന്റെ ​ഗുണനിലവാരം സംബന്ധിച്ച തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.

വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലും തമ്മിലടിയിലും കലാശിച്ചതെന്നാണ് വിവരം. പിടിയിലായ അതുല്‍ദേവിന് മറ്റുമൂന്നൂപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. എന്നാല്‍, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുല്‍ദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വില്‍പ്പന നടത്തിയവര്‍ രണ്ടുകിലോ കഞ്ചാവും തിരികെവാങ്ങി. പക്ഷേ, ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തില്ല.

ചൊവ്വാഴ്ച പ്രതികളായ നാലുപേരും കൊച്ചി കോന്തുരുത്തിയില്‍വെച്ച് കണ്ടുമുട്ടി. ഇവിടെവെച്ചാണ് ഇവര്‍ തമ്മിലടിച്ചത്. സംഭവം കണ്ടതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.