ശനിയാഴ്ച വീടുവിട്ടിറങ്ങിയ ഗായത്രിയുടെ ചേതനയറ്റ ശരീരം കണ്ട് അമ്മയും സഹോദരിയും തളര്‍ന്നു വീണു, പ്രണയ ചതിയില്‍ തകര്‍ന്നത് ഒരുകുടുംബം

തിരുവനന്തപുരം: തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനിലെ ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട വീരണകാവ് സ്വദേശിനിയായ ഗായത്രിയുടെ കൊലപതാകം നാടിനെയും വീട്ടുകാരെയും ആകെ സങ്കടക്കടലിലാക്കി. ഗായത്രിയുടെ വിയോഗം വീട്ടുകാര്‍ക്ക് മാത്രമാണ് നഷ്ടം. ഒരു കുടുംബത്തിന്റെ അത്താണിയാണ് പ്രണയവുമായി ബന്ധപ്പെട്ട ദേഷ്യത്തില്‍ ഇല്ലാതായത്. അച്ഛന്‍ മരിച്ച് പോയ ആ കുടുംബത്തില്‍ ഗായത്രിയുടെ ജോലിയും വരുമാനവും ആ കുടുംബത്തിന് വലിയൊരു ആശ്വാസമായിരുന്നു. ഗായത്രിയുടെ വിയോഗ വാര്‍ത്ത ആറിഞ്ഞ് അമ്മയും സഹോദരിയും നെഞ്ച് പൊട്ടി അലറി കരയുകയായിരുന്നു. ആ കാഴ്ച ആര്‍ക്കും കണ്ടു നില്‍ക്കാനായില്ല.

ശനിയാഴ്ച വീടുവിട്ടിറങ്ങിയ മകളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മയും സഹോദരിയും തളര്‍ന്നു വീണു. കണ്ടു നിന്നവര്‍ക്ക് പോലും ആശ്വസിപ്പിക്കാനായില്ല, ഹൃദയ ഭേദകമായ കാഴ്ച. വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകള്‍ ഗായത്രി(24)യെ തിരുവനന്തപുരത്ത് ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്നലെ രാവിലെ 11.30ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ചു. 12.30 ന് സംസ്‌കാരം നടത്തി.

ഗായത്രിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാനും പ്രവീണ്‍ നീക്കം നടത്തിയിരുന്നു. ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി, ശ്വാസം മുട്ടിച്ച് ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം മുറി പുറത്തു നിന്നും പൂട്ടി പ്രവീണ്‍ ഇറങ്ങുകയായിരുന്നു. വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ എസ് ഗായത്രി ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം പരവൂര്‍ കോട്ടപ്പുറം ചെമ്പാന്‍തൊടി ജെ പ്രവീണിനെ ഞായറാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ പ്രവീണ് ഗായത്രിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരേ ജുവലറിയിലെ ജീവനക്കാരായിരുന്നു. 2021 ഫെബ്രുവരിയില്‍ ഗായത്രിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പ്രവീണ്‍ യുവതിയെ തിരുവനന്തപുരത്തുള്ള ഒരു പള്ളിയില്‍ വെച്ച് വിവാഹം ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങള്‍ പുറത്താകരുതെന്ന് ഗായത്രിക്ക് പ്രവീണ്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ ഗായത്രി ഫോണ്‍ സ്റ്റാറ്റസ് ആക്കി. ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നായിരുന്നു പ്രവീണ്‍ പറഞ്ഞത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത് പ്രവീണ്‍ തന്നെയെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിന് ശേഷം ഗായത്രിയുടെ ഫോണ്‍ കൈക്കലാക്കി ഗായത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിത്ത് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് പ്രവീണ്‍ പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് പൊളിഞ്ഞതോടെയാണ് കീഴടങ്ങാനായി പ്രവീണ്‍ കൊല്ലത്തെ അഭിഭാഷകനെ കണ്ടത്.

നഗരത്തിലെ ജുവലറിയില്‍ പ്രവീണ്‍ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ഇരുവരും രണ്ട് വര്‍ഷം മുമ്പാണ് അടുപ്പത്തിലാവുന്നത്. താന്‍ വിവാഹതനും പിതാവുമാണെന്ന വിവരം പ്രവീണ്‍ മറച്ചു വെച്ചു. എന്നാല്‍ ഇക്കാര്യം പിന്നീട് അറിഞ്ഞതോടെ ബന്ധം വേര്‍പെടുത്താന്‍ ഗായത്രി ആവശ്യപ്പെട്ടു. വിവാഹമോചനം നേടി ഗായത്രിയെ വിവാഹം കഴിക്കാമെന്ന ഉറപ്പു നല്‍കി പ്രവീണ്‍ 2021 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെ പള്ളിയില്‍ ഗായത്രിയെ താലി കെട്ടി. ഇക്കാര്യമറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളം വച്ചതോടെ ഗായത്രി ജോലി രാജിവച്ചെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. പ്രവീണിനെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രി വീടുവിട്ടത്. രാത്രി പത്തു മണിയോടെ കാട്ടാക്കട പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ഒപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി പ്രവീണുമായുള്ള ബന്ധവും പൊലീസിനോട് പറഞ്ഞിരുന്നു. ഞായര്‍ പുലര്‍ച്ചെയാണ് ഗായത്രിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കാട്ടാക്കട പൊലീസിന് വിവരം ലഭിക്കുന്നത്. ഉച്ചയോടെ കൊലയാണെന്നും പ്രതി പഴയ സഹപ്രവര്‍ത്തകനാണെന്നുംതിരിച്ചറിഞ്ഞു. വീരണകാവ് അരുവികുഴിയിലെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു ഗായത്രി.