മേജർ സ്റ്റെപാൻ തരബാൽകയുടെ മരണം യുക്രെയ്‌ൻ പ്രതിരോധന സേന സ്ഥിരീകരിച്ചു

കീവ് ∙ ‘ഗോസ്റ്റ് ഓഫ് കീവ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന യുദ്ധവിമാന പൈലറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ സ്റ്റെപാൻ തരബാൽകയുടെ (29) മരണമാണ് യുക്രെയ്‌ൻ പ്രതിരോധന സേന സ്ഥിരീകരിച്ചത്. മാർച്ച് 13 ന് റഷ്യൻ സേനയോട് ഏറ്റുമുട്ടുന്നതിനിടെ തരബാൽകയുടെ മിഗ്-29 പോർവിമാനം റഷ്യൻ സൈന്യം വെടിവച്ചിടുകയായിരുന്നെന്നാണ് വിവരം.

യുക്രെയ്‍നിലെ റഷ്യൻ അധിനിവേശത്തിന്റെ ആദ്യദിനത്തിൽ ആറു റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതോടെയാണ് സ്റ്റെപാൻ തരബാൽക വീരനായകനായത്. ഫെബ്രുവരി 26 ന് 10 റഷ്യൻ യുദ്ധവിമാനങ്ങൾ കൂടി മേജർ തരബാൽക വെടിവച്ചിട്ടതായും സൈന്യം അവകാശപ്പെട്ടിരുന്നു. 40 ഓളം റഷ്യൻ യുദ്ധവിമാനങ്ങൾ തരബാൽക തകർത്തതായി യുക്രെയ്‍ൻ പ്രതിരോധസേന അവകാശവാദം ഉന്നയിക്കുന്നു.

‘കാവൽ മാലാഖ’ യെന്ന് യുക്രെയ്‌ൻ ജനത വാഴ്ത്തിയ യുദ്ധവീരന്റെ വ്യക്തിവിവരങ്ങൾ സൈന്യം പുറത്തു വിടാത്തതിനാൽ ‘ഗോസ്റ്റ് ഓഫ് കീവ്’ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മരണാനന്തര ബഹുമതിയായി ‘യുക്രെയ്‌നിന്റെ വീരൻ’ എന്ന പദവിയും ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഓർഡർ ഓഫ് ദ് ഗോൾഡൻ സ്റ്റാറും നൽകി യുക്രെയ്‌ൻ ഭരണകൂടം സ്റ്റെപാൻ തരബാൽകയെ ആദരിച്ചു.