തിരുവനന്തപുരത്ത് പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിക്ക് മർദനം

തിരുവനന്തപുരം. പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിക്ക് മർദനം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റോണി എന്നയാളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മർദനത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ഇവരെ നാട്ടുകാരാണ് പിടികൂടി പൊലീസിനു കൈമാറിയത്. രാവിലെ 10.30നാണ് സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവാവ് പെൺകുട്ടിയെ പരസ്യമായി മർദിച്ചത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ തടഞ്ഞുനിർത്തിയായിരുന്നു മർദനം.

കഴിഞ്ഞ ദിവസം ഇതേ ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു പെൺകുട്ടിക്കും മർദനമേറ്റിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് യുവാവ് ഈ പെൺകുട്ടിയുടെ മുഖത്തടിച്ചത്. തുടർന്ന് കാറിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെയും സംഘത്തിന്റെയും കാർ തട്ടി ഇവിടെ അപകട പരമ്പര തന്നെ അരങ്ങേറി.

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുകയാണെന്നും പൊലീസ് സാന്നിധ്യം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.