സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു; പവന് 320 രൂപ കുറഞ്ഞ് 35,800 രൂപയായി

സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു. ബുധനാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,800 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് യഥാക്രമം 4475 രൂപയുമായി. ഓഗസ്റ്റ് ഏഴിന് 5250 രൂപ ഗ്രാമിനും 42,000 രൂപ പവനും വിലയുണ്ടായിരുന്നതാണ് ഇപ്പോള്‍ 6,200 പവനും 775 ഗ്രാമിനും കുറവ് രേഖപ്പെടുത്തിയത്. 2020 ജൂണ്‍ 30 ന് ഗ്രാമിന് 4475 രൂപയും, പവന് 35,800 രൂപയുമായിരുന്നു വില.

ഇതോടെ ഏഴു മാസത്തെ കുറഞ്ഞ സ്വര്‍ണവിലയിലേക്കെത്തി. കുറഞ്ഞ പണിക്കുറവിലുള്ള ആഭരണങ്ങള്‍ രണ്ടര പവനില്‍ (20 ഗ്രാം) കൂടുതല്‍ ലഭിക്കുന്ന നിരക്കിലാണിപ്പോള്‍. ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു വഴി 100 രൂപയില്‍ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളു. അന്തരാഷ്ട്ര സ്വര്‍ണ വില 20 ഡോളര്‍ കുറഞ്ഞ് 1840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98 ല്‍ എത്തിയതുമാണ് വിലക്കുറവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

ഈ വിലക്കുറവ് താല്ക്കാലികമാണെന്നും വില വര്‍ധനവിനാണ് സാധ്യതയെന്നുമാണ് സൂചനകള്‍. വിലക്കുറവ് പ്രയോജനപ്പെടുത്തുന്ന ചലനങ്ങള്‍ വിപണിയില്‍ ദൃശ്യമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്രമായ പ്രതിഫലനം മാത്രമാണ് വിപണിയിലുണ്ടാക്കിയിരിക്കുന്നതെന്ന് എ കെ ജി എസ് എം എ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നു.

കള്ളക്കടത്ത് തടയുന്നതിന് ഇത് പര്യാപ്തമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇറക്കുമതി ചുങ്കം അഞ്ചു ശതമാനക്കണമെന്നായിരുന്നു സ്വര്‍ണാഭരണമേഖലയുടെ ആവശ്യമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.