സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് പവന് 2400 രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവില ഇന്നലെ പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തിയിരുന്നു. 4,500 രൂപയായിരുന്നു ഇന്നിന്റെ ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവുണ്ടായത്.

രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ റെക്കോര്‍ഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ജൂലൈ മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില.

അതേസമയം, ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്(31.1ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1.3 ശതമാനം വിലയിടിഞ്ഞ് 1,766.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപരം നടക്കുന്നത്.