സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 320 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയായി. ഇതോടെ ഗ്രാമിന് 4,800 രൂപയിലുമെത്തി. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും വര്‍ധിച്ചത്. രാവിലെയും ഉച്ചയ്ക്കുശേഷവുമാണ് തിങ്കളാഴ്ച സ്വര്‍ണ വില കൂടിയത്. രാവിലെ സ്വര്‍ണ വില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4730 രൂപയും പവന് 37,840 രൂപയുമായിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വീണ്ടും സ്വര്‍ണവില കൂടുകയായിരുന്നു. മൂന്നു മണിക്കുമുമ്പായി സ്വര്‍ണവലി ഗ്രാമിന് 30 രൂപ കൂടി 4760 രൂപയായി. രണ്ട് ദിവസത്തിനടെ 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വര്‍ണ വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ദിവസം 2.5ശതമാനമാണ് വര്‍ധനവുണ്ടായത്. അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെതുടര്‍ന്ന് ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും സ്വര്‍ണവിലയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം സ്വര്‍ണവില കൂടുമെന്നാണ് വിപണിയിലെ വിദഗ്ദ്ധര്‍ നല്‍കിയിരുന്ന സൂചന. ഫെബ്രുവരി അവസാനം വരെ സ്വര്‍ണ വില വര്‍ദ്ധിക്കും. സ്വര്‍ണവില തുടര്‍ച്ചയായി കൂടുന്നത് കേരളത്തിലെ ഇടത്തരം കുടുംബക്കാരെ സാരമായി ബാധിക്കും. ജനുവരി പകുതി കേരളത്തില്‍ മകര മാസം ആകുന്നതോടെ വിവാഹ സീസണ് തുടക്കമാകും. കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെയാണ് സ്വര്‍ണം പ്രധാന നിക്ഷേപ മാര്‍ഗമായി ആളുകള്‍ തെരഞ്ഞെടുത്തത്. ഇതോടെ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡും വിലയും കൂടിയിരുന്നു.