കടത്തിയത് 95.33 കിലോ സ്വര്‍ണം; സിപിഎം കമ്മിറ്റിയെന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ സ്വര്‍ണക്കടത്ത് പ്രതികള്‍ നടത്തിയ ചാറ്റ് പുറത്ത്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന ടെലിഗ്രാം സന്ദേശങ്ങൾ പുറത്ത്. പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനൊപ്പമാണ് മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങൾ കസ്റ്റംസ് നോട്ടീസിനൊപ്പം നൽകിയിരിക്കുന്നത്. സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്. ചാറ്റിന് പുറമേ വോയ്സ് സന്ദേശങ്ങളും കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

2019 ഡിസംബർ ഒന്നിനുള്ള ചാറ്റിൽ ആദ്യ ചരക്കിൽ 50 കിലോയുടെ നോട്ടിഫിക്കേഷൻ ഉണ്ടെന്ന് ചാറ്റിൽ സരിത്ത് പറയുന്നു. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വർണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റിൽ നടന്നത്. ബാഗേജിന്റെ ഭാരം സംബന്ധിച്ച് ഒരു ചാറ്റിൽ ആശങ്ക പ്രകടിപ്പിച്ച സരിത്തിന് ലാൻഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കിൽ സ്വർണമടങ്ങുന്ന പെട്ടി സുഗമമായി കടത്താമെന്ന് പറഞ്ഞു റമീസ് ധൈര്യം പകരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജിൽ നയതന്ത്ര കാർഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കർശനമായി പറയുന്നു. ബാഗേജ് സ്വീകരിക്കുന്ന കോൺസൽ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നൽകണമെന്നും നിർദേശിക്കുന്നു. 2019 ഡിസംബർ 19-ന് നടത്തിയ ചാറ്റിൽ സ്വർണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറിൽ സ്വർണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്.

ഇതിനിടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മറികടന്നു തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കോൺസൽ ജനറൽ സംസ്ഥാന സർക്കാരിൽനിന്നും ‘എക്സ് കാറ്റഗറി’ സുരക്ഷ സമ്പാദിച്ചിരുന്നുവെന്ന് കസ്റ്റംസ് നോട്ടീസിൽ പറയുന്നു. സ്വപ്ന, ശിവശങ്കർ എന്നിവരാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികൾക്കും ഈ ‘സുരക്ഷ’ കോൺസൽ ജനറൽ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ ‘ഡിപ്ലോമാറ്റിക് തിരിച്ചറിയൽ കാർഡ്’ നൽകിയിരുന്നു. വിമാനത്താവളങ്ങളിലുൾപ്പെടെ ഇവ ദുരുപയോഗപ്പെടുത്തി.

യു.എ.ഇ. കോൺസുലേറ്റ് മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി വഴി കേരളത്തിലേക്കു കടത്തിയത് 95.33 കിലോ സ്വർണമാണെന്നാണ് ഇതിൽ പറയുന്നത്. 2019 നവംബർ 15 മുതൽ 2020 മാർച്ച് നാലുവരെയുള്ള കാലത്താണ് 18 തവണകളായി അൽസാബിയുടെ സഹായത്തോടെ നയതന്ത്ര ബാഗേജ് വഴി യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയത്.