അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച കടത്താൻ ശ്രമിച്ചത് 32.79 കിലോ സ്വർണം, രണ്ട് യുവതികൾ അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു വിദേശവനിതകൾ അറസ്റ്റിൽ. അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച 32.79 കിലോ സ്വർണം പിടിച്ചെടുത്തു. വിപണിയിൽ 19.15 കോടി വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കേരളത്തിലെ കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളിയാണ് പിടിയിലായത്. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡിആർഐ പറയുന്നത്.

ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ നേരത്തെ പിടിയിലായിരുന്നു. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുളള യാത്രയിൽ മലദ്വാരത്തിലൊളിപ്പിച്ച് കൊൽക്കത്ത സ്വദേശിയായ സുരഭി കടത്തിയത് ഒരു കിലോയോളം സ്വർണമാണ്. ഈ രീതിയിൽ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് ഡിആര്‍ഐ ചൂണ്ടിക്കാട്ടി.