ബംഗ്ലാദേശില്‍ നിന്നും 1.29 കോടി രൂപയുടെ സ്വർണം ഇന്ത്യയിൽ എത്തിക്കാൻ കിട്ടിയത് 2000 രൂപ, യുവതി അറസ്റ്റിൽ

കൊല്‍ക്കത്ത : 1.29 കോടി രൂപയുടെ സ്വർണം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിൽ എത്തിക്കാൻ കടത്ത് കൂലിയായി യുവതിക്ക് കിട്ടിയത് 2000 രൂപ. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് അതിര്‍ത്തി രക്ഷാസേനയാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് ഇവരുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു.

ബംഗ്ലാദേശില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധര്‍ പിടിയിലായത്.

സ്വര്‍ണം ബംഗാളിലെ ഒരാള്‍ക്ക് കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്നാണ് മണികയുടെ മൊഴി. താന്‍ സ്വര്‍ണം കടത്തുന്നത് ആദ്യമായിട്ടാണ്. സ്വര്‍ണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവര്‍ സമ്മതിച്ചു. യുവതിയെയും പിടികൂടിയ സ്വര്‍ണക്കട്ടികളും കസ്റ്റംസിന് കൈമാറി.