ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

വിമാനത്താവളം വഴി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളില്‍ നിന്നും 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു ഇയാള്‍ എത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്വര്‍ണം പിടിച്ചെടുത്തത്. കസ്റ്റംസിനെ മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു.

അപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. 446 ഗ്രാം സ്വര്‍ണം അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുന്ന ഏഴാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.