ഇത് ഷോ ഓഫ് അല്ല, ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഗോപി സുന്ദര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും ഇതൊരു പ്രചോദനമാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഇത് ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കട്ടെയെന്നും എന്നും ആഗ്രഹിക്കുന്നു. നല്ല ഒരു നാളെയ്ക്കായി നമ്മള്‍ ഒരുമിച്ച്‌ പൊരുതും. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും അസാദ്ധ്യമല്ല’- എന്നാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.