ബഫര്‍സോണ്‍ സര്‍വേയിലെ പ്രശ്‌നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം. ബഫര്‍സോണ്‍ നിര്‍ണയത്തിനായി നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അടിമുടി ആശയക്കുഴപ്പം. അതിരുകളിലെ അവ്യക്തതയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയിലാണ് മലയോര കര്‍ഷകര്‍. കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം തുടങ്ങി.

ആവശ്യമെങ്കില്‍ ഭൂതല സര്‍വേ നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കോഴിക്കോട്ടെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, മരുതോങ്കര, കൂരാച്ചുണ്ട്, പുതുപ്പാടി, കൂത്താളി, കട്ടിപ്പാറ എന്നീ 7 പഞ്ചായത്തുകളെയാണ് ബഫര്‍സോണ്‍ ബാധിക്കുക.

എന്നാല്‍ പഞ്ചായത്തുകളുടെ ഏതൊക്കെ ഭാഗമാണ് ഇതിന്റെ പരിധിയില്‍ വരിക എന്ന് അടയാളപ്പെടുത്തിയിട്ടില്ല. ജനവാസ കേന്ദ്രങ്ങള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. എന്നാല്‍ ഇതിന് പകരമുള്ളത് സര്‍വേ നമ്പര്‍ മാത്രം. അപാകതകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി എകെ ശശീന്ദ്രന്‍, ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭൂതല സര്‍വേ നടത്തുമെന്ന് അറിയിച്ചു.

ഇതിനായി കുടുംബശ്രീയെ ഉപയോഗപ്പെടുത്തും. അതേസമയം പഞ്ചായത്ത് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണമെന്ന ആവശ്യം വനം മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കര്‍ഷകര്‍ക്ക് പരാതി അറിയിക്കാനുള്ള സമയപരിധി നീട്ടി നല്‍കാനും ആലോചനയുണ്ട്.