കോടികൾ മുടക്കി നിർമ്മിച്ച സ്‌കൂൾ കെട്ടിടം തകർന്നുവീണു, കുട്ടികളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

തിരുവനന്തപുരം: സർക്കാർ കോടികൾ മുടക്കി നിർമ്മിച്ച സ്‌കൂൾ കെട്ടിടം പ്രവേശനോത്സവത്തിന്റെ തലേന്ന് തകർന്നു വീണു. തിരുവനന്തപുരം മാറനല്ലൂർ കണ്ടല ഹൈസ്‌കൂളിലെ കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. മൂന്നു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ തകർന്നത്. കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി എന്നു തന്നെ പറയാം. നിർമ്മാണ വേളയിൽ കൃത്യമായി പരിശോധനകൾ നടന്നിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അപകടം ഉണ്ടായത് പ്രവേശനോത്സവത്തിന്റെ തലേദിവസം ആയതിനാലാണ് കുട്ടികളില്ലാതിരുന്നത്. ഇന്നായിരുന്നു അപകടം ഉണ്ടായതെങ്കിൽ കുരുന്നുകളുടെ ജീവന് സർക്കാർ ഉത്തരം പറയേണ്ടി വന്നേനെ. 3 കോടി മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ വൻ അഴിമതി നടന്നതായും ആക്ഷേപമുണ്ട്. സിപിഎം അടക്കി ഭരിക്കുന്ന പിടിഎയും ഈ അഴിമതികൾക്ക് നേരെ കണ്ണടയ്ക്കുകയായിരുന്നു.

ഇത്തരത്തിൽ സംസ്ഥാനത്ത് കൊട്ടിഘോഴിച്ച് പരസ്യം നൽകിയ പല സ്‌ക്കൂളുകളുടെ അവസ്ഥയും ഇത് തന്നെയാണ്. എന്നാൽ ഇതൊന്നും സർക്കാർ കണ്ടഭാവമില്ല. ഇന്ന് വിദ്യാർത്ഥികൾ തിരികെ സ്‌കൂളുകളിൽ എത്തി. ഉയർത്തി കെട്ടിയ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ കൂടി സർക്കാർ പരിശോധിക്കുന്നത് ഉത്തമമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അത് സഹായിക്കും.