ഗവർണർക്ക് കേന്ദ്ര സുരക്ഷ , സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രലയം

ഗവർണർക്ക് സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചു .കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം രാജ്ഭവനെ അറിയിച്ചത് സിആർപിഎഫ് ഇസഡ് പ്ലസ് (CRPF Z PLUS) സുരക്ഷയാണ് അദ്ദേഹത്തിന് നൽകുന്നത്. നിലവിൽ കേരള പോലീസ് ആണ് ഗവർണർക്ക് സുരക്ഷ ഒരുക്കുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഗവര്‍ണര്‍ പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഓഫിസിൽനിന്നും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.

സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു. ഇതിന്റെ തുടർനടപടികൾ എന്താകുമെന്നതിൽ ആകാംക്ഷയുണ്ട്. സംസ്ഥാന സർക്കാർ– ഗവർണർ പോരിലേക്ക് കേന്ദ്രം ഇടപെടുന്നതിന്റെ സൂചനയാകും ഇതെന്നും വിലയിരുത്തലുണ്ട്.

കൊല്ലം നിലമേലിൽ പ്രകടനം നടത്തിയ എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറിൽ നിന്നിറങ്ങി കസേരയിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയിൽ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം.

എഫ്ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും ആരോപിച്ചു.