ഗവർണറെ തെരുവിൽ തടഞ്ഞു നിർത്തിയത് ജനാധിപത്യ സമൂഹത്തിന് അപമാനകരം, ക്രമസമാധാന നിലയുടെ ദയനീയ തകർച്ച, കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ​കേരളത്തിൽ ​ഗവർണർക്ക് പോലും സ്വതന്ത്രമായി വഴിയാത്ര ചെയ്യാൻ സാധ്യമല്ലെന്ന ദുഃസ്ഥിതി ക്രമസമാധാന നിലയുടെ ദയനീയമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ​​ഗവർണർ തങ്ങളുടെ വരുതിയിൽ നിൽക്കണമെന്നുള്ള സിപിഎമ്മിന്റെ ദുശ്ശാഠ്യവും സമ്മര്‍ദ്ദതന്ത്രവുമാണ്ഗവര്‍ണര്‍ക്കെതിരെ നടന്ന അതിക്രമത്തിനു പിന്നിലുള്ളത്.

ഗവർണറെ തെരുവിൽ തടഞ്ഞു നിർത്തി ശല്യപ്പെടുത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് ഗവർണർ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്ത്വം മാത്രമാണ് നിർവഹിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

മുഖ്യമന്ത്രി സര്‍വ്വവിധ സന്നാഹങ്ങളോടെ തെരുവില്‍ സ്വതന്ത്രമായി യാത്ര ചെയ്യുമ്പോഴാണ് ഗവർണർക്ക് യാതൊരുവിധ സുരക്ഷയുമില്ലാതെ യാത്ര ചെയ്യേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തടസം സൃഷ്ടിച്ചതുമൂലം കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാരെ ഗവര്‍ണര്‍ നേരിടേണ്ടിവരുന്ന ഗതികേട് കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.