ബന്ധുനിയമനം അന്വേഷിക്കാന്‍ ഗവര്‍ണര്‍ കമ്മീഷനെ നിയമിച്ചേക്കും; തീരുമാനം ഗവര്‍ണര്‍ മടങ്ങിയെത്തിയതിന് ശേഷം

തിരുവനന്തപുരം. കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്നിട്ടുള്ള ബന്ധുനിയമനങ്ങള്‍ സമഗ്രമായി അന്വേഷിക്കുവാന്‍ ഗവര്‍ണര്‍ കമ്മീഷനെ നിയമിച്ചേക്കും. റിട്ട. ഹൈക്കോടതി ജഡ്ജി, റിട്ട. ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തായാണ് കമ്മീഷന്‍ രൂപികരിക്കുക.

ഗവര്‍ണര്‍ ബന്ധുനിയമനത്തില്‍ അന്വേഷണം നടത്തുവാന്‍ കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. 24 ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ മടങ്ങിയെത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും.

കേരള സര്‍വകലാശാല സെനറ്റ് യോഗം തനിക്കെതിരെ പ്രമേയം പാസാക്കിയത് സംബന്ധിച്ച് ഗവര്‍ണര്‍ വിവരങ്ങള്‍ തേടി. സെനറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുവാന്‍ അനുമതി നല്‍കിയ വൈസ് ചാന്‍സിലര്‍ ഡോ. വിപി മഹാദേവന്‍ പിള്ളയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

വൈസ് ചാന്‍സിലറെ സസ്‌പെന്‍ഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ട്. പ്രമേയം പാസാക്കിയതില്‍ ഗവര്‍ണര്‍ ശക്തമായ പ്രതിഷേധത്തിലാണ്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപികരിക്കാനുള്ള സമയം കഴിഞ്ഞതിനാലാണ് ചാന്‍സിലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപികരിച്ചത്.