കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുവാൻ 10 കോടി വായ്പയെടുക്കാൻ സർക്കാർ

തിരുവനന്തപുരം. കെഎസ്ആർടിസിയിൽ ജനുവരിയിലെ ശമ്പളം നൽകുന്നതിന് 10 കോടിരൂപ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി. മറ്റു ധനകാര്യസ്ഥാപനങ്ങളൊന്നും വായ്പ നൽകാത്തതിനാൽ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ്‌സ് സൊസൈറ്റിയിൽനിന്നാണ് കടമെടുക്കുന്നത്.

നേരത്തേയും ജീവനക്കാരുടെ സഹകരണസംഘത്തിൽനിന്ന്‌ വായ്പയെടുത്തിട്ടുണ്ട്. സംഘത്തിൽനിന്ന്‌ വായ്പയെടുത്ത ജീവനക്കാരുടെ വിഹിതം ശമ്പളത്തിൽനിന്ന്‌ ഈടാക്കിയിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി. അടച്ചിരുന്നില്ല. വായ്പ അപേക്ഷിക്കുന്നതിനുമുന്നോടിയായി ഈ കുടിശ്ശിക തീർത്തിരുന്നു. 50 കോടിരൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ‌കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള കെഎസ്ആർടിസിക്ക് ഇത്തവണ സർക്കാരിന്റെ സഹായധനം ലഭിച്ചിട്ടില്ല.

കഴിഞ്ഞ സാമ്പത്തികവർഷത്തെ വിഹിതം കഴിഞ്ഞതിനാൽ അടുത്ത ബജറ്റിൽ നിന്നാണ് തുക ലഭിക്കേണ്ടത്. നിയമസഭയിൽ ധനാഭ്യർഥന ചർച്ച കഴിഞ്ഞാൽമാത്രമേ ഇനി സർക്കാരിന് സാമ്പത്തികസഹായം നൽകാൻ കഴിയുകയുള്ളൂ. ഭാഗികമായി ശമ്പളം നൽകാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 50 കോടിയുടെ ബാങ്ക് ഓവർഡ്രാഫ്റ്റിന് സാധ്യത തേടുന്നുണ്ട്. 85 കോടിയാണ് ശമ്പളവിതരണത്തിനു വേണ്ടത്.