നികുതിനിരക്ക് വർധിപ്പിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി

ന്യൂഡൽഹി ∙ നിത്യോപയോഗ സാധനങ്ങളടക്കം 143 ഇനങ്ങളുടെ നികുതിനിരക്ക് വർധിപ്പിക്കുന്നതു സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ, സംസഥാനങ്ങളുടെ അഭിപ്രായം തേടി. ഇതിൽ 92% ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18 ൽ നിന്ന് 28% ആകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള മാസങ്ങളിൽ നിരക്കു കുറച്ച ഇനങ്ങൾക്കാണ് ഇപ്പോൾ കൂട്ടുന്നത്.

പട്ടം, പവർബാങ്ക്, ച്യൂയിങ് ഗം, ഹാൻഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ് , 32 ഇഞ്ചിൽ താഴെയുള്ള ടിവി, ചോക്കലേറ്റ്, വാൽനട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിൻ, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, ലെതർ കൊണ്ടുള്ള ആക്സസറീസ്, നോൺ ആൽക്കഹോളിക് പാനീയങ്ങൾ എന്നിവയെല്ലാം 28 % ജിഎസ്ടി നിരക്കിലേക്ക് ഉയരുന്നവയിൽ ഉൾപ്പെടും.

പപ്പടത്തിനും ശർക്കരയ്ക്കും 5% ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുമെന്നാണു റിപ്പോർട്ടുകൾ. നിലവിൽ 18% നിരക്കുള്ള വാച്ച്, ലെതർ ഉൽപന്നങ്ങൾ, റേസർ, പെർഫ്യൂം, ലോഷൻ, കൊക്കോപൗഡർ, ചോക്കലേറ്റ്, കോഫി എക്സ്ട്രാക്റ്റ് , പ്ലൈവുഡ്, വാഷ്ബേസിൻ, ജനലുകൾ, ഇലക്ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകൾ തുടങ്ങിയവയ്ക്ക് 28 ശതമാനമായേക്കും.