പത്മം താമസിച്ച മുറിയില്‍ അര ലക്ഷം രൂപ; ലോട്ടറി വില്‍പനയും കൂലിപ്പണിയും വരുമാനം

കൊച്ചി. നരബലിക്ക് ഇരയായ പത്മം എളംകുളത്ത് താമസിച്ച വാടക മുറിയില്‍ നിന്നും കണ്ടെത്തിയത് 57200 രൂപ. മുറിയിലെ കിടക്കയ്ക്ക് അടിയില്‍ സൂക്ഷിച്ച നിലയില്‍ പണം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പൂട്ടിക്കിടക്കുകയായിരുന്ന മുറി അയല്‍വാസികള്‍ കഴിഞ്ഞ ദിവസം തുറന്ന് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഒരു മുറിയിലാണ് പത്മം താമസിച്ചിരുന്നത്.

മുമ്പ് ഭര്‍ത്താവും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ച് മടങ്ങി. തിരിച്ചെത്തി ഫെബ്രുവരി മുതല്‍ താമസം തുടങ്ങിയെങ്കുലും ഇവര്‍ ഒറ്റയ്ക്കായിരുന്നുവെന്ന് ലോഡ്ജ് ഉടമസ്ഥനായ റിജോ ജോസഫ് പറയുന്നു. 3500 രൂപയായിരുന്നു വാടക. കഴിഞ്ഞ മാസത്തെ ഒഴികെയുള്ള വാടക നല്‍കിയിരുന്നു. മറ്റു ചില വാടകക്കാരെ കൂടി പത്മമാണ് ലോഡ്ജില്‍ എത്തിച്ചത്. എന്നാല്‍ അടുത്ത മുറിയില്‍ താമസിക്കുന്നവരുമായി ബന്ധം ഇവര്‍ക്കില്ലായിരുപന്നുവെന്നും റിജോ പറയുന്നു.

അമ്മന്‍കോവില്‍ റോഡ്, ചിറ്റൂര്‍ റോഡ് പരിസരങ്ങളിലായിരുന്നു പത്മം ലോട്ടറി വിറ്റിരുന്നത്. കൂലിപ്പണിയും ചെയ്തിരുന്നതായി റിജോ പറയുന്നു. അതേസമയം പത്മത്തിന്റെ സഹോദരി പളനിയമ്മ കലൂരിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് തിരികെ പോയതെന്ന് ഇവര്‍ പറയുന്നു. 15 വര്‍ഷം മുമ്പാണ് പത്മവും ഭര്‍ത്താവും കൊച്ചിയില്‍ എത്തിയത്. ഭര്‍ത്താവ് പോയതിന് ശേഷം പത്മം ഒറ്റയ്ക്കാണ് ജോലി ചെയ്തിരുന്നതെന്നും സഹോദരി പളനിയമ്മ പറയുന്നു.

നരബലി നടന്ന ഇലന്തൂരിലെ വീടും പരിസരവും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു രണ്ട് ദിവസം. കഴിഞ്ഞ 26ന് പത്മത്തെ കാണാതായത് മുതല്‍ മകനും സഹോദരിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു സ്‌കോര്‍പിയോ കാറില്‍ ഇവര്‍ കയറിപ്പോകുന്ന സിസിടിവി ദശ്യം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയത്.

ഭഗവല്‍ സിങ്ങിന്റെ അയല്‍വാസികളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചു. ഒമ്പതിന് രാത്രി ഭഗവല്‍ സിങ്ങിന്റെ അയല്‍വാസിയായ ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു.പിന്നീട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു.പിന്നീട് സ്‌കോര്‍പ്പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ എത്തിയതായി പോലീസിന് മനസ്സിലായി. തുടര്‍ന്ന് ആറന്മുള സ്റ്റേഷനില്‍ നിന്നുള്ള രണ്ട് പോലീസുകാരെത്തി അന്വേഷണം നടത്തി.