ഹമാസ് ഭീകരർ നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്ക് കൊല്ലപ്പെട്ടു , സ്ഥിരീകരിച്ച് കുടുംബം

ടെൽഅവിവ്. ഹമാസ് ഭീകരർ നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്ക് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് ഭീകരർ ഒക്ടോബർ 7 ന് സം​ഗീത പരിപാടിയ്‌ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന് ശേഷം നിരവധി പേരെ ബന്ദികളാക്കി. 23-കാരിയായ ഷാനി ലൂക്കിനെ ന​ഗ്നയായി ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഷാനിയുടെ മുടിയും ശരീരത്തിലെ ടാറ്റുവും കണ്ടാണ് കുടുംബം യുവതിയെ തിരിച്ചറിഞ്ഞത്.

ഇസ്രായേൽ സൈന്യമാണ് ഷാനി ലൂക്കിന്റെ മൃതദേഹം ​ഗാസയിൽ നിന്നും കണ്ടെത്തിയത്. യുവതിയുടെ കുടുംബവും ഇത് സ്ഥിരീകരിച്ചു. ഷാനിയുടെ മരണവാർത്ത സഹോദരിയാണ് അറിയിച്ചത്. സഹോദരി ആഥി ലൂക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഷാനി ലൂക്കിന്റെ മരണവാർത്ത അറിയിച്ചത്.

യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഷാനിയുടെ മരണവാർത്ത പുറത്ത് വരുന്നത്.