രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഹാരീസ് ബീരാനും, ജോസ് കെ മാണിയും, പിപി സുനീറും

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ പേ‍ര്‍ പത്രിക നൽകാത്തതിനാൽ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 25 നായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ യു.പി.എ. സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇതോടെ പി.വി. അബ്ദുൽ വഹാബിനുപുറമേ മുസ്‌ലിംലീഗിന് ഒരു രാജ്യസഭാംഗത്തെ കൂടി ലഭിച്ചിരിക്കുകയാണ്.

പി.പി. സുനീർ വയനാട് സി.പി.ഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും പൊന്നാനിയിലും അടക്കം മത്സരിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽ.ഡി.എഫിൽ തീരുമാനമായതോടെയാണ് ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിച്ചത്. കേരള കോൺഗ്രസ് ഒഴിഞ്ഞ സീറ്റായതിനാൽ അവർക്ക് തന്നെ നൽകാൻ എൽഡിഎഫിൽ ധാരണയാകുകയായിരുന്നു.