ഉമ്മ ചപ്പാത്തി ഉണ്ടാക്കി വിറ്റ് പഠിപ്പിച്ച മകന്‍ ഐപിഎസ് ആയി, രാജ്യത്തെ പ്രായം കുറഞ്ഞ ഓഫിസറായി ഹസന്‍

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22കാരന്‍ ഹസന്‍ സഫീന്‍. ഗുജറാത്തിലെ പാലന്‍പൂരിനടുത്ത് കനോദര്‍ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ്ഹസന്‍ ജനിച്ചത്.അച്ഛന്‍ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. വജ്രഖനിയിലെ തീരെക്കുറഞ്ഞ ദിവസക്കൂലിയില്‍ നിന്ന് ഒരിക്കല്‍പ്പോലും ഒരു പുഞ്ചിരിയുടെ തിളക്കം കണ്ടെത്താനാകാതിരിക്കുമ്പോഴും, മുസ്തഫയ്ക്കും നസീം ബാനുവിനും ആശ്വാസവും അഭിമാനവും ആയിരുന്നത് പഠനത്തിലെ മകന്റെ മിടുക്കാണ്. അതു തിരിച്ചറിഞ്ഞ സ്‌കൂള്‍ അധികൃതരും അയല്‍ക്കാരും തുടക്കംതൊട്ടേ തുണയായി കൂടെയുണ്ടായിരുന്നു.

എങ്കിലും മറ്റുള്ളവരെ അധികം ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി നസീം ബാനു പാതിരാ കഴിയുമ്പോഴേക്കും ഉണര്‍ന്നിരുന്ന് ചപ്പാത്തി പരത്തിത്തുടങ്ങും. നേരും വെളുക്കും മുമ്പ് അടുത്തുള്ള കടകളിലെത്തിക്കണം. ഇരുന്നൂറു കിലോ മാവിനു വരെ ചപ്പാത്തിയുണ്ടാക്കിയ ദിവസങ്ങള്‍. ഐ.എ.എസ് ആയിരുന്നു ഹസന്റെ മനസില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയ ജില്ലാ കളക്ടറുടെ രൂപം ഹസന്റെ മനസില്‍ നിന്ന് മാഞ്ഞതേയില്ല.

2018ലാണ് ഹസന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടാണെങ്കിലും കിട്ടിയത് ഐ.പി.എസ് സെലക്ഷന്‍ ആയിരുന്നു. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാംതവണയും ഹസന് ലഭിച്ചത് ഐ.പി.എസ് തന്നെയായിരുന്നു. അങ്ങനെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ച് ഹസ്സന്‍ ഈ ചെറുപ്പക്കാരന്‍ ഐ.പി.എസുകാരനാവുകയായിരുന്നു.