അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ

കോട്ടയം. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൈക്കൂലി കേസില്‍ പിടിയില്‍. കോട്ടയം ചാലുകുന്ന് സി എന്‍ ഐഎല്‍പി സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ സാം ജോണ്‍ ടി തോമസാണ് പിടിയിലായത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്കെന്ന പേരില്‍ അധ്യാപികയില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.

മറ്റൊരുസ്‌കൂളിലെ അധ്യാപികയാണ് പരാതിക്കാരി. ഇവര്‍ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് വേഗത്തില്‍ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരിയായ അധ്യാപിക ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു.

തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം സ്‌കൂളില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ സാം ജോണ്‍ ടി തോമസിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു. അതേസമയം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കും.