ചൈനയില്‍ വന്‍ ഭൂചലനം, ഡല്‍ഹിയിലും പ്രകമ്പനം, റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, 80 കിലോമീറ്റര്‍ ആഴത്തില്‍ ആഘാതമുണ്ടാക്കി. കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ് പ്രഭവകേന്ദ്രം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.

ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ ഉച്ച്ടർപാൻ കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. തുടർന്ന് ഡൽഹിയുടെ പലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. രാത്രി 11.30ഓടെയാണ് ഡൽഹിയിൽ നേരിയ തോതിൽ പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയത്.

കസാഖിസ്ഥാൻ, കിർഗിസ്ഥാൻ രാജ്യങ്ങളിലും പ്രകമ്പനങ്ങൾ രേഖപ്പെടുത്തി. 6.2 തീവ്രതയിലാണ് കിർഗിസ്ഥാൻ മേഖലയിൽ ഭൂചലനമുണ്ടായത്. ചൈനയിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ 14 തുടർചലനങ്ങളും രേഖപ്പെടുത്തി. ഇതിൽ രണ്ടെണ്ണം 5.0 തീവ്രതയ്‌ക്ക് മുകളിലാണ്.