സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഓറഞ്ച് അലേര്‍ട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം.

കനത്ത മഴ മുന്നറിയിപ്പില്‍ ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലെർട്ട് പുറപ്പെടുവിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയായ സാഹചര്യത്തിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഡാമില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കും.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്നാണ് നിര്‍ദേശം. ഇവിടെ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ഈ മാസം 25 വരെയാണ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 435 ക്യാമ്പുകളിലായി 8,665 കുടുംബങ്ങളാണുള്ളത്.