ഹീരാ ബെൻ മോദി ദൈവപാദങ്ങളിൽ; പ്രധാനമന്ത്രി അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ മോദിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മോദിയും അമ്മയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അമ്മയുടെ സംസ്‌കാര ചടങ്ങുകൾക്കും മോദി തന്നെ നേതൃത്വം നൽകി. ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആഘോഷഛായ കൊടുക്കാതെ ലളിതമായ ജീവിതം നയിച്ച അമ്മയ്ക്ക് മകന്റെ ലളിതമായ യാത്രയയപ്പിനും സാക്ഷ്യമാകുകയായിരുന്നു അക്ഷരാർത്ഥത്തിൽ രാജ്യം.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച പുലർച്ചെയാണ് മരണമടയുന്നത്. ആശുപത്രിയിൽ നിന്നും റയ്സാൻ വസതിയിലേയ്ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. നരേന്ദ്രമോദിയും സഹോദരങ്ങളും ബന്ധുമിത്രാദികളും ചേർന്നാണ് സംസ്‌കാര പൂർവ ചടങ്ങുകൾ നടത്തിയത്.

അമ്മയുടെ ഭൗതിക ദേഹം ബന്ധുക്കൾക്കൊപ്പം സ്വന്തം തോളിലേറ്റി പ്രധാനമന്ത്രിയും ശ്മശാനഭൂമിയിലേക്ക് നടന്നു. സഹോദരൻ സോമഭായ് മോദിക്കൊപ്പം ചേർന്ന് പ്രധാമന്ത്രിയും അമ്മ ഹീരാബെന്നിന് വിധി ക്രമം അനുസരിച്ച് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെയാണ് ദൽഹിയിൽ നിന്നും അഹമ്മദാബാദിലെത്തിയത്.

റയ്‌സാനിലെ വസതിയിലെത്തിയ പ്രധാനമന്ത്രി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും പത്ത് മണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗീക പരിപാടികൾ റദ്ദാക്കില്ല. വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അമ്മ തന്റെ ഔദ്യോഗികമായ കൃത്യനിർവഹണത്തിന് ഏറ്റവും ശക്തമായ പ്രേരണയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. നൂറാമത്തെ ജന്മദിനം ആഘോഷിക്കുന്ന സമയത്തും അമ്മ എന്നും തന്റെ ജോലിയോട് കാണിക്കേണ്ട സമ്പൂർണ്ണമായ സമർപ്പണത്തെയാണ് ഓർമ്മിപ്പിച്ചത്. ജീവിതം സംശുദ്ധമായിരിക്കണമെന്നും യുക്തിയും ബുദ്ധിയും കൃത്യമായി സംയോജിപ്പിച്ച് ജീവിക്കണമെന്ന അമ്മയുടെ വാക്കുകൾ ജീവിത വ്രതമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.

തങ്ങളുടെ മാതാവിന്റെ വിയോഗവാർത്തയിൽ അനുശോചിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തവർക്ക് കുടുംബവും നന്ദിയിറയിച്ചു. മാതാവിന്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണമെന്നും കുടുംബം അറിയിച്ചു. ഗാന്ധിനഗറിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെൻ കഴിഞ്ഞിരുന്നത്.