കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം പൊങ്ങി. ഓടകൾ നിറഞ്ഞ് മലിനജലം റോഡുകളിലേക്ക് ഒഴുകി. നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതിയും ഇപ്പോൾ രംഗത്തെത്തി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്‍ മലിനജലമാണെന്നും ഓടകളില്‍ മുഴുവന്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് കാരണമെന്താണെന്ന് കണ്ടെത്താന്‍ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നൽകി. ഓടകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് ഉടൻ വൃത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത ശക്തമായ മഴയില്‍ കൊച്ചി നഗരത്തിന്റെ പലഭാഗങ്ങളിലും ഇന്നും വെള്ളം കയറി. ഉച്ചയോടെ മഴ മാറി നിന്നിട്ടും കലൂര്‍ സ്റ്റേഡിയം റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഇടപ്പള്ളി സിഗ്നല്‍ എന്നിവിടങ്ങളില്‍ വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയിട്ടില്ല. കളമശ്ശേരി നഗരസഭ വാര്‍ഡ് 25ല്‍ 15ലധികം വീടുകളില്‍ വെള്ളം കയറി. ആലുവ പുളിഞ്ചോട്ടില്‍ ദേശീയപാതയില്‍ വെള്ളം കയറിയത് ഗതാഗതം ദുസ്സഹമാക്കി.