കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; കേന്ദ്രസർക്കാരിനാണ് വില നിർണ്ണയത്തിനുള്ള അധികാരമെന്നും കോടതി

കുപ്പിവെള്ളത്തിന് 13 രൂപ വില നിർണ്ണയിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള പാക്ക്ഡ് കുപ്പിവെള്ള നിർമ്മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിഷയത്തിൽ കേന്ദ്രസർക്കാരിനാണ് വില നിർണ്ണയത്തിനുള്ള അധികാരമുള്ളതെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയാക്കി നിയന്ത്രിച്ചത്. 2020 ഫെബ്രുവരി 12നാണ് ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചത്. എന്നാൽ ഇതിനെതിരെ പാക്ക്ഡ് കുപ്പിവെള്ള നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

നിലവിൽ 15 രൂപ വരെ കുപ്പിവെളളത്തിന് കച്ചവടക്കാർ ഈടാക്കുന്നുണ്ട്. തോന്നുന്ന വിലയ്‌ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് സർക്കാർ വില ഏകീകരിച്ച് ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപയാക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.