ചുവപ്പ് കണ്ടാല്‍ ഹാലിളകുമെന്ന് പിണറായി; സിപിഎമ്മിന്റെ കൊടികള്‍ നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്തതിലാണ് കോര്‍പറേഷന്‍ സെക്രട്ടറിക്ക് നേരെ വിമര്‍ശനം.

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി
രംഗത്തെത്തിയിരിക്കുകയാണ്‌.ചെങ്കൊടി കണ്ടാല്‍ ചിലര്‍ക്ക് ഹിലിളകുകയാണെന്ന് ജഡ്ജിയുടെ പേരുപറയാതെ മുഖ്യമന്ത്രി ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പ്രതികരണം.

ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ല. കോര്‍പറേഷന്‍ അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് എങ്ങനെയാണ്. നിയമലംഘനങ്ങളുടെ നേരെ കോര്‍പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണ്. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണം. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ ദിവസങ്ങൾക്ക് മുമ്പേയും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് അന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകള്‍ നടപ്പാക്കാൻ, ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്.

വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. റോഡിൽ നിറയെ ഭരണ കക്ഷിയുടെ കൊടികൾ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു.