നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി

കൊച്ചി. നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി. വിചാരണക്കോടതിക്കാണ് ഹൈക്കോടതിയുടെ ഇക്കാര്യത്തിൽ നിര്‍ദേശം നൽകിയിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. മോഹന്‍ലാലിന്റെ ഹര്‍ജിയും പരാതിക്കാരുടെ ഹര്‍ജിയും തള്ളിയ കോടതി ആറ് മാസത്തിനകം കേസിൽ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടുണ്ട്.

നീതി എല്ലാവര്‍ക്കും തുല്യമെന്ന് പറഞ്ഞ ഹൈക്കോടതി,സാധാരണക്കാരനും ഉന്നതനും തമ്മില്‍ കോടതിക്ക് വ്യത്യാസമില്ലെന്നും പറയുകയുണ്ടായി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് തന്നെ ശരിയായില്ല. പ്രോസിക്യൂട്ടര്‍ വേണ്ടത്ര മനസിരുത്തിയല്ല കോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണക്കോടതിയുടെ ഉത്തരവ് എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചുള്ളതല്ല. മുന്‍ ഉത്തരവ് പരിശോധിച്ച് വീണ്ടും ഉത്തരവ് ഇറക്കണം. മോഹന്‍ലാല്‍ അടക്കം എല്ലാ കക്ഷികളെയും കേള്‍ക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു.

വനം-വന്യജീവി നിയമം മോഹന്‍ലാലിന് ബാധകമല്ല, കാട്ടാനയുടെ കൊമ്പല്ല കേസിലെ തൊണ്ടി, നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശമുള്ളത്, ആനക്കൊമ്പ് ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്നീ വാദങ്ങളാണ് സർക്കാർ ഉയർത്തിയത്. എന്നാൽ ആനക്കൊമ്പ് മോഹന്‍ലാലിന് ക്രമപ്പെടുത്തി നല്‍കിയത് നിയമവിരുദ്ധമാണെന്നും തൊണ്ടിമുതല്‍ പ്രതിയെത്തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണെന്നുമായിരുന്നു ഹർജിക്കാർ ഉന്നയിച്ചിരുന്ന വാദം.

മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനകൊമ്പും ആന കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെത്തുന്നത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനകൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാൽ അപ്പോൾ ഉന്നയിച്ചിരുന്ന വാദം.

ആനക്കൊമ്പ് പിടിച്ചെടുത്ത് തൊണ്ടി മുതലായി കോടതിയിൽ ഹാജരാക്കാൻ വനം വകുപ്പ് തയാറായില്ല എന്ന ഗുരുതര വീഴ്ചയാണ് കേസിൽ സംഭവിച്ചതെന്ന ആരോപണം ആനി ഉയർന്നിരുന്നു. പകരം തൊണ്ടി മുതൽ മോഹൻ ലാലിനെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തൊണ്ടി മുതൽ പ്രതിയെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചത് നീതിന്യായ ചരിത്രത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണെന്നും വനം വന്യജീവി നിയമ പ്രകാരം മോഹൻലാലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച ഹർജിയിലാണ് വനം വകുപ്പ് കേസ് എടുത്ത് കുറ്റ പത്രം നൽകിയത്. കുറഞ്ഞത് 5 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിന് എതിരെയുള്ളത്.

കേസിൽ വനം ലാലിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് തുടർന്ന് ഉണ്ടാവുന്നത്. 2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനകൊമ്പ് കണ്ടെത്തി എന്നതിന് എഫ് ഐ ആരും രേഖകളും ഉണ്ട്. എന്നാൽ ഈ ആനകൊമ്പിന് ലാലിന് 2016ൽ മാത്രമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? എന്നാണ് വിചാരണക്കോടതി നേരത്തെ ചോദിരുന്നത്.

കെ. കൃഷ്ണകുമാർ എന്നയാൾ മോഹൻലാലിന് ആനക്കൊമ്പു കൈമാറി എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരുന്നത്. മോഹൻലാലിന്റെ ആർട് ഗാലറിയിൽ സൂക്ഷിക്കുന്നതിനാണ് രണ്ട് ആനക്കൊമ്പുകൾ നൽകിയതെന്നതിനും തെളിവുകൾ ഉണ്ട്. കെ. കൃഷ്ണകുമാർ എന്നയാൾ ആർട് ഗാലറിയിൽ സൂക്ഷിക്കാൻ നൽകിയ ആനകൊമ്പിനു മോഹൻ ലാലിന് 2016 വരെ ഇല്ലാതിരുന്ന കൈവശാവകാശമാണ് തുടർന്ന് ഉന്നതരുടെ ഇടപെടലുകളിലൂടെ ഉണ്ടായത്. മറ്റൊരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ കേസ് റജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ആനക്കൊമ്പിന്റെ അനധികൃത കൈമാറ്റം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കൈമാറ്റം ചെയ്യുന്നതും, വിൽക്കുന്നതും ഒക്കെ ശിക്ഷാർഹവുമാണ്.

ആനക്കൊമ്പ് മോഹൽലാലിന്റെ വീട്ടിൽ നിന്ന് പിടികൂടുമ്പോൾ അതിന് മോഹൻലാലിന് ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല എന്ന വസ്തുതയാണ്
കോടതി പറയാതെ പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ ലാലിന് കേസിൽ കുരുക്ക് കൂടുതൽ മുറുകുകയാണ്. 2016ൽ ഈ ആനക്കൊമ്പുകൾക്ക് മോഹൻലാലിന് എങ്ങനെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതിനെ പറ്റി അന്വേഷണം ഉണ്ടായാൽ അതിനായി സഹായിച്ച ചില ഉന്നതരെകൂടി സംഭവം വെട്ടിലാകും. 1972ലെ വന്യജീവി, വനം സംരക്ഷണ നിയമം മോഹൻലാലിന് വേണ്ടി മാത്രം മാറ്റിമറിക്കാനുള്ള ശ്രമമാണ് ഇക്കാര്യത്തിൽ നടന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.