കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താം, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നതിനെതിരായ സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ടൂര്‍ പാക്കേജ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജുകള്‍ നടത്താന്‍ അനുമതിയില്ലെന്നായിരുന്നു സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാരുടെ വാദം. ഇത്തരത്തില്‍ ടൂര്‍ സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും, മോട്ടോര്‍വാഹനനിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂര്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റ് നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സ്വകാര്യ കോണ്‍ട്രാക്ട് ഓപ്പറേറ്റര്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

വെക്കേഷന്‍ മുന്നില്‍ കണ്ടുകൊണ്ട് പുതിയ ടൂര്‍ പാക്കേജുകള്‍ കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.