എംഡിഎംഎ കേസിൽപ്പെട്ട ഹോം സ്‌റ്റേ ഉടമയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങി, സിഐയ്‌ക്ക് സസ്‌പെൻഷൻ

വയനാട്. ഡിജെ പാർട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസിൽ പ്രതിയായ ഹോം സ്‌റ്റേ ഉടമയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിനായി
കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐയ്‌ക്ക് സസ്‌പെൻഷൻ. വയനാട് വൈത്തരി എസ്എച്ച്ഒ ജെഇ ജയനെയാണ് കേസുമായി ബന്ധപ്പെട്ട് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

കൈക്കൂലിയായി 1.25 ലക്ഷം രൂപയാണ് പ്രതിയിൽ നിന്നും എസ്എച്ച്ഒ കൈപ്പറ്റിയത്. കേസുമായി ബന്ധപ്പെട്ട് സിഐ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അവധിയിൽ പോയ ജയനെതിരെ വിശദമായ അന്വേഷണം നടത്താനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വൈത്തിരി ലക്കിടി മണ്ടമലയിലെ ഹോം സ്‌റ്റേയിൽ നിന്നും ഈ കഴിഞ്ഞ ജൂൺ 27-നാണ് പോലീസ് എംഡിഎംഎ കണ്ടെത്തുന്നത്.

രഹസ്യ വിവരത്തെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. സംഭവത്തിൽ ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വയനാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുമുള്ള യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.