മരുന്നിന് പകരം ഹാര്‍പിക്കും സണ്‍ഡു ബാമും ചേര്‍ത്ത ദ്രാവകം കണ്ണിലൊഴിച്ച് വയോധികയുടെ കാഴ്ച ഇല്ലാതാക്കി, പിന്നാലെ സ്വര്‍ണവും പണവും തട്ടി വീട്ടുജോലിക്കാരി

ഹാര്‍പിക്കും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് വയോധികയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച് വീട്ടു ജോലിക്കാരി. സംഭവത്തില്‍ 32കാരിയായ ഭാര്‍ഗവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹേമാവതി എന്ന 73കാരിയാണ് അക്രമണത്തിന് ഇരയായത്. ഇവരുടെ മകന്‍ ശശീധര്‍ ലണ്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഭാര്‍ഗവിയെ വീട്ടു ജോലിക്കായും ഹേമാവതിയെ പരിചരിക്കുന്നതിനും വേണ്ടി മകന്‍ നിയമിക്കുകയായിരുന്നു.

ഹൈദരാബാദിലെ സെക്കന്ദരാബാദ് നച്ചാറത്തെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് ഹേമാവതി താമസിച്ചിരുന്നത്. ഇവിടെയാണ് ഭാര്‍ഗവി കൊള്ള നടത്തിയത്. ഭാര്‍ഗവിക്കൊപ്പം ഏഴ് വയസുകാരി മകളും ഹേമാവതിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഹേമാവതിയുടെ കണ്ണില്‍ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇതിനായി ഭാര്‍ഗവിയുടെ സഹായം ഇവര്‍ തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മരുന്നിന് പകരം വെള്ളത്തില്‍ ശൗചാലയം ശുദ്ധീകരിക്കുന്ന ഹാര്‍പിക്കും സണ്‍ഡു ബാമും ചേര്‍ത്ത് ഹേമാവതി മിശ്രിതം തയ്യാറാക്കുകയും ഭാര്‍ഗവിയുടെ കണ്ണില്‍ ഒഴിച്ച് വരികയുമായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹേമാവതിയുടെ കാഴ്ച മങ്ങി തുടങ്ങിയിരുന്നു. മകനോട് ഇക്കാര്യം ഹേമാവതി പറഞ്ഞപ്പോള്‍ സമീപത്തെ ആശുപത്രിയില്‍ പോയി പരിശോധിക്കാന്‍ നിര്‍ദേശിച്ചു. രണ്ട് വട്ടും ആശുപത്രിയില്‍ പോയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഹേമാവതിയുടെ കാഴ്ച പൂര്‍ണമായും ഇല്ലാതായി.

ലണ്ടനില്‍ നിന്നും മടങ്ങി എത്തിയ മകന്‍ ഹേമാവതിയെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ ദ്രാവകം കണ്ണില്‍ വീണാണ് അന്ധത വന്നതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സംശയം ഭാര്‍ഗവിയിലേക്ക് നീളുന്നത്. മകന്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പോലീസ് ഭാര്‍ഗവിയെ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്. ഹേമാവതിയെ അന്ധയാക്കിയ ശേഷം 40000 രൂപയും രണ്ട് സ്വര്‍ണ വളകളും ഒരു സ്വര്‍ണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും കവര്‍ന്നതായി ഇവര്‍ സമ്മതിച്ചു. ബുധനാഴ്ചയാണ് ഭാര്‍ഗവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.