എങ്ങനെ തിയേറ്ററില്‍ ആളുകള്‍ സിനിമ കാണാന്‍ വരും? എല്ലാം കഞ്ചാവ് പടങ്ങളല്ലേ? എത്രനാള്‍ ഇതൊക്കെ സഹിക്കും? _ ശാന്തിവിള ദിനേശൻ

മലയാള സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ തുറന്നു പറഞ്ഞതിന് പിറകെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുമ്പോൾ, ഇപ്പോഴിതാ യുവതാരങ്ങളെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞതും ചർച്ചയാവുകയാണ്. ‘മോഹന്‍ലാല്‍ പോലും ആര്‍ക്കും സെറ്റില്‍ തലവേദന ഉണ്ടാക്കാറില്ല. പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങള്‍ മാത്രമുള്ള യുവതാരങ്ങള്‍ക്കാണ് അഹങ്കാരം’ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

ശാന്തിവിള ദിനേശൻ പറഞ്ഞത് ഇങ്ങനെ:

തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന്‍ നിഗമെന്ന അലവലാതി ചെറുക്കനാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്‍ പറയണ്ടേ? ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണ്ടേ. മൂന്ന് വെള്ളിയാഴ്ച ആയില്ലെങ്കിലും ഷറഫുദ്ദീന്‍ എന്നവന്‍ കാണിക്കുന്ന പോക്രിത്തരത്തെ കുറിച്ച് ഉണ്ണികൃഷ്ണന്‍ പറയണ്ടേ. പേരുകളെല്ലേ പ്രസക്തം ഉണ്ണികൃഷ്ണന്‍? ഇല്ലെങ്കില്‍ ദുല്‍ഖറിനേയും പ്രണവിനേയും ആളുകള്‍ സംശയിക്കും.

എങ്ങനെ തിയേറ്ററില്‍ ആളുകള്‍ സിനിമ കാണാന്‍ വരും? എല്ലാം കഞ്ചാവ് പടങ്ങളല്ലേ. എത്രനാള്‍ ഇതൊക്കെ സഹിക്കും? ആളുകള്‍ വരില്ല. ആര്‍ഡിഎക്‌സ് സിനിമയുടെ പോസ്റ്റര്‍ ചെയ്യുമ്പോള്‍ ഇവന്മാരുടെ ഒന്നും മുഖം പോസ്റ്ററില്‍ കാണിക്കരുതെന്ന് സോഫിയ പോള്‍.

താരകേന്ദ്രീകൃതമായിരുന്നു സിനിമയെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത് കേട്ടു. മുമ്പും താരകേന്ദ്രീകൃതമായിരുന്നു സിനിമ. പക്ഷെ താരങ്ങള്‍ തെമ്മാടികളായിരുന്നില്ല എന്നൊരു തിരുത്തുണ്ട്. ഇന്നലത്തെ മഴയത്ത് കിളിത്ത തകരകള്‍ ചെയ്യുന്ന തെറ്റിന് താരങ്ങളെ മുഴുവന്‍ അടച്ച് പറയരുത്. ഉണ്ണികൃഷ്ണന്‍ ആരുടേയും പേര് പറയില്ല കാരണം അടുത്ത പടം ചെയ്യണമല്ലോ? ശാന്തിവിള ദിനേശൻ പറഞ്ഞിരിക്കുന്നു.